മോന്‍സി | PHOTO: WIKKI COMMONS
കാറില്‍ മയക്കുമരുന്ന്‌വെച്ച് മുന്‍ ഭാര്യയെ കുടുക്കാന്‍ ശ്രമം; യുവാവിനെ സഹായിച്ച സുഹൃത്ത് അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരിയില്‍ മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമം നടത്തി യുവാവ്. പതിനായിരം രൂപ പ്രതിഫലം വാങ്ങി ഇരുവരും സഞ്ചരിച്ച കാറില്‍ എംഡിഎംഎ വെച്ച യുവാവിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍പുരക്കല്‍ പി എം മോന്‍സിയെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയും യുവതിയുടെ മുന്‍ ഭര്‍ത്താവുമായ ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ ഒളിവിലാണ്.
വില്‍പ്പനയ്ക്കായി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത കാര്‍ ടെസ്റ്റ് ഡ്രൈവിനെന്ന പേരില്‍ വാങ്ങി, എംഡിഎംഎ ഒളിപ്പിച്ച ശേഷം പ്രതികള്‍ പൊലീസിന് വിവരം നല്‍കുകയായിരുന്നു. പുല്‍പ്പള്ളി ഭാഗത്തുനിന്ന് വരുന്ന കാറില്‍ എംഡിഎംഎ ഉണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അമ്പലവയല്‍ സ്വദേശികളായ ദമ്പതിമാരുടെ കാറില്‍ 11.13 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇവര്‍ നിരപരാധികളാണെന്ന് പൊലീസിന് വ്യക്തമായി. ടെസ്റ്റ് ഡ്രൈവിനായി കാര്‍ കൈമാറാന്‍ പോയതാണെന്നും ശ്രാവണ്‍ എന്നയാളാണ് കൈപ്പറ്റിയതെന്നും പൊലീസിനെ ഇവര്‍ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവിനെ പിടികൂടുന്നത്. യുവതിയുടെ മുന്‍ഭര്‍ത്താവിന് ദമ്പതികളോടുള്ള വിരോധമാണ് കേസില്‍ കുടുക്കാനുള്ള പദ്ധതിയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
തൃശ്ശൂര്‍ ചാലക്കുടിയില്‍ സാമനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീലാ സണ്ണി എന്ന യുവതിയുടെ ബാഗിലും കാറിലും മയക്കുമരുന്നെന്ന് തോന്നിപ്പിക്കുന്ന വസ്തുവെച്ച് കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ 72 ദിവസം ഇവര്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു.